ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ടൈംസ് നൗ
പുറത്തുവിട്ടആദ്യ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും 85 മുതല്‍ 90 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നുമാണ് പ്രവചനം. തരംഗമുണ്ടായാല്‍ സീറ്റ് നില 90 കടക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. എല്‍ഡിഎഫിന് 49 മുതല്‍ 62 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം 03 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് പ്രവചിച്ചത്. 70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍ ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തില്‍
71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍ഡിഎയ്ക്ക് ഏഴു സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 15നാണ് പ്രഖ്യാപിച്ചത്. കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളില്‍ ഏപ്രില്‍ 9നും തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23നും വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. ബംഗാളിലെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചതോടെയാണ് ഔദ്യോഗികമായി എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.















