
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.
52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഹര്‍ത്താലനുകൂലികള്‍ ബസ് തടഞ്ഞു. ഇത് സ്ഥലത്ത് സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ചു. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ആശുപത്രിയില്‍ പോകേണ്ട ഒരു സ്ത്രീയെ ബസില്‍ നിന്നിറക്കി പോലീസ് ജീപ്പില്‍
ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അടൂരില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുമ്പിലായി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. നെടുമങ്ങാടും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. കണ്ണൂരിലും വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സര്‍വീസടക്കം സ്വകാര്യബസുകളും മറ്റു വാഹനങ്ങളും ഓടുന്നുണ്ട്.
പലയിടത്തും ജനങ്ങള്‍ കടകളടച്ച് സഹകരിക്കുന്നുണ്ടെന്ന് ഹര്‍ത്താലനുകൂലികള്‍ പറയുന്നു. എല്ലാ അറിയിപ്പുകളും നല്‍കിയിരുന്നതായും എന്നിട്ടും വാഹനങ്ങള്‍ ഓടുന്നതുകൊണ്ടാണ്
തടയുന്നതെന്നും ദളിത് വിഭാഗങ്ങള്‍ നടത്തുന്ന സമരമായതു കൊണ്ടാണ് ആരും അനുകൂലിക്കാത്തതെന്നും ഹര്‍ത്തലനുകൂലികള്‍ വ്യക്തമാക്കി.
വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കില്ലെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ദളിത് സംഘടനകളുടെ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്.
അതേസമയം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും നിലപാടെടുത്തിരുന്നു. ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റ്‌സ് ഫെഡറേഷന്‍, സ്റ്റീല്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ എന്നീ
സംഘടനകളും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും ഹര്‍ത്താലിനെ അനുകൂലിക്കില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്.
ആരോപണ വിധേയരായ അധ്യാപകരെ രക്ഷപ്പെടുത്താന്‍ പോലീസ് മനഃപൂര്‍വം ശ്രമിച്ചു എന്നാണ് ദളിത് സംഘടനകള്‍ ആരോപിക്കുന്നത്. ഡോക്ടര്‍ റാമും സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് സംഗീത നമ്പ്യാര്‍ പുറത്തു വന്നത്. ഇത്രയും നാള്‍ സംഗീത നമ്പ്യാര്‍ക്ക് ഒളിവില്‍ കഴിയാന്‍ പോലീസ് സൗകര്യം ഒരുക്കി നല്‍കിയെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
















