കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ
വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയില്‍ നബീസയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിവെനം നല്‍കിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയന്‍ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്.
എറണാകുളത്ത് ചെറായിയില്‍ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂര്‍ സ്വദേശി ശര്‍മിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍
എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശര്‍മിളയെ തുടര്‍ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തും ഒരാള്‍ക്ക് പാമ്പ് കടിയേറ്റു. രാമന്‍കുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലില്‍ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
















