ന്യൂഡല്‍ഹി: തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായി പതിമൂന്ന് പേര്‍ മരിച്ച
അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും മോദി പറഞ്ഞു. വെടിക്കെട്ടപകടം ഹൃദയഭേദകമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ വൈകീട്ട്
മൂന്ന് മണിക്ക് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. 13 പേര്‍ മരിച്ചു. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 50 ലക്ഷം രൂപ അനുവദിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനു 50 ലക്ഷം രൂപ തൃശ്ശൂര്‍ കലക്ടര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് കണ്‍ട്രോള്‍ റൂം നമ്പര്‍: 8075011853.















