
കുടക്: ആനകളുള്ള കൊടുംവനത്തിലാണ് നാദാപുരം സ്വദേശിയായ ശരണ്യ കുടുങ്ങിയതെന്ന് രക്ഷാദൗത്യസംഘത്തിലുള്‍പ്പെട്ടവര്‍. അതീവ ദുര്‍ഘടമായ പ്രദേശമാണത്. നാല് ദിവസത്തോളം തനിച്ച് കഴിഞ്ഞ ശരണ്യയെ സുരക്ഷിതയായി കണ്ടെത്താന്‍ കഴിഞ്ഞത്
വലിയ ഭാഗ്യമായാണ് കാണുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയില്‍ നിന്ന് ജീവന്‍ അപായപ്പെടാതെ തിരികെ ലഭിച്ചത് അത്ഭുതകരമാണെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.
നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഉള്‍വനത്തില്‍ നിന്ന് ശരണ്യയെ കണ്ടെത്തിയത്. വഴിതെറ്റിയതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങുകയായിരുന്നു എന്നാണ് ശരണ്യ വനത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്. കയ്യില്‍ അഞ്ഞൂറ്
മില്ലിയുടെ വെള്ളക്കുപ്പി മാത്രമാണ് ഉണ്ടായിരുന്നത്. തനിക്ക് വഴിതെറ്റിപ്പോയതാണെന്ന് ശരണ്യ പറഞ്ഞു. താഴെ ഇറങ്ങിയപ്പോഴേക്കും മറ്റുള്ളവരെ കാണാന്‍ പറ്റിയില്ല. അവരുടെ അടുത്ത് എത്താന്‍ വേണ്ടി നടന്നപ്പോഴേക്കും ആരെയും കണ്ടില്ലെന്നും ശരണ്യ പറഞ്ഞു.
‘താഴേക്കാണല്ലോ പോകേണ്ടതെന്ന് കരുതി താഴേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ നെറ്റ് വര്‍ക്ക് കുറഞ്ഞു. ഉള്‍വനമായിരുന്നു. ഭക്ഷണം ഉണ്ടായിരുന്നില്ല. വൈകുന്നേരം 6.45 വരെ അന്ന് ഞാന്‍ നടന്നു. സഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴേക്കും ഫോണ്‍ ഓഫ് ആയി. മഴ പെയ്തിരുന്നു. എല്ലാം നനഞ്ഞു. രാത്രി ഉറങ്ങാന്‍ പറ്റിയില്ല. രണ്ടാം ദിവസം ഒരു
അരുവിക്കരികിലെ വലിയ പാറക്കെട്ടുള്ള സ്ഥലത്ത് ചിലവഴിച്ച ശരണ്യ, രക്ഷാപ്രവർത്തകർ ഡ്രോൺ ഉപയോഗിച്ച് തിരയുകയാണെങ്കിൽ തന്നെ കാണാൻ സാധിക്കുമെന്ന് കരുതി അവിടെത്തന്നെ ഇരിക്കുകയായിരുന്നു. മൂന്നാം ദിവസം രാവിലെ ആറുമണിക്ക് മലകയറാൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വില്ലനായി. ഒരു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ സാധനങ്ങളെല്ലാം നനഞ്ഞിരുന്നു. ആ രാത്രി കഠിനമായ തണുപ്പ് കാരണം ഉറങ്ങാനും സാധിച്ചില്ല. നാലാം ദിവസം ഉച്ചക്ക് 12 മണിവരെ കാലാവസ്ഥ മോശമായിരുന്നെങ്കിലും ഇനിയും കാത്തിരിക്കുന്നതിൽ പ്രയോജനമില്ലെന്ന് കണ്ട് നനഞ്ഞ സാധനങ്ങളുമായി ശരണ്യ വീണ്ടും മലകയറാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് തെരച്ചല്‍ സംഘമെത്തുന്നത്.
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. തെരച്ചലിനായി സഹായിച്ച എല്ലാവര്‍ക്കും ശരണ്യ നന്ദി പറഞ്ഞു. വൈദ്യ പരിശോധനക്കു ശേഷം ശരണ്യ ബന്ധുക്കളോടൊപ്പം സ്വദേശമായ നാദാപുരത്തേക്ക് തിരിച്ചു.
















