
ടെഹ്റാൻ: ഇറാൻ വ്യോമാതിർത്തിയിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുദ്ധം അഞ്ച് വാരം പിന്നിടുന്നതിനിടയിൽ ആദ്യമായാണ് ഒരു
അമേരിക്കൻ യുദ്ധവിമാനം ഇറാൻ സൈന്യം തകർക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി യു.എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തകർന്നത് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിഭാഗത്തിൽപ്പെട്ട വിമാനമാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. തകർന്ന വിമാനത്തിലെ ഒരു ജീവനക്കാരനെ യുഎസ് രക്ഷപ്പെടുത്തി എന്ന് ഉദ്യോഗസ്ഥർ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഇറാനിലെ കോഹ്കിലുയേ ആൻഡ് ബോയർ-അഹമ്മദ് പ്രവിശ്യയിലാണ് വിമാനം തകർന്നത്. തങ്ങൾ ഒരു അമേരിക്കൻ എഫ്-35 വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കി
ലും തകർന്ന അവശിഷ്ടങ്ങൾ എഫ്-15ഇ വിമാനത്തിന്റേതാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. പൈലറ്റ് ഇജക്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റിനെ പിടികൂടി സുരക്ഷിതമായി പോലീസിന് കൈമാറുന്നവർക്ക് വലിയ പ്രതിഫലം നൽകുമെന്ന് ഇറാൻ പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തു.
ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പുതിയ സംഭവവികാസം. ഇതുവരെ 13 യു.എസ് സൈനികർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
















