കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോല്‍സവത്തിന് വന്‍ ഭക്തജനത്തിരക്ക്. അവധി ദിവസമായ ഞായറാഴ്ച കുടുംബ സമേതം ഭക്തജനങ്ങളെത്തി
ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു. രാവിലെ കാഴ്ച ശീവേലിക്ക് ചൊവ്വല്ലൂര്‍ മോഹന വാര്യരും വൈകിട്ടത്തെ ശീവേലിക്ക് നീലേശ്വരം പ്രമോദ് മാരാരും മേള പ്രമാണിയായി. മുചുകുന്ന് പത്മനാഭന് അവതരിപ്പിച്ച ഓട്ടന്തുള്ളല് കാണികളെ ഏറെ ആകര്‍ഷിച്ചു. അക്ഷരശ്ലോക സദസ്, നൃത്തപരിപാടി, ചെറുതാഴം ചന്ദ്രന് മാരാരുടെ തായമ്പക, മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നീ പരിപാടികള്‍ അരങ്ങേറി. കാഴ്ചശീവേലി ദര്‍ശിക്കാന്‍ നൂറ് കണക്കിനാളുകളാണ് ക്ഷേത്രത്തിലെത്തിയത്. തിങ്കളാഴ്ച രാവിലെ കാഴ്ച ശീവേലിക്ക് മട്ടന്നൂര്‍ ശ്രീകാന്ത് മേളപ്രമാണിയാകും. ബി.കെ.ഷീബ ബഹന്‍ജിയുടെ പ്രഭാഷണം. വൈകീട്ടത്തെ കാഴ്ച ശീവേലിക്ക് മണ്ണാര്‍ക്കാട് മോഹന്‍ദാസ് മേള പ്രമാണിയാവും. രാത്രി എട്ടുമണിക്ക് ആലങ്കോട് സന്തോഷ്, അശോക്.ജി മാരാര്‍ എന്നിവരുടെ ഇരട്ടത്തായമ്പക, 7.30ന് ഗാനമേള. ആര്യനന്ദ.ആര്.ബാബു, പിന്നണി ഗായകന് അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കും.















