വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തില്‍പെട്ട വില്യാപ്പള്ളിയില്‍ സ്ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. കൊറ്റിയാംവെള്ളിയില്‍ പതിനേഴുകാരനാണ്
പരിക്കേറ്റത്. കൈപ്പത്തിക്ക് സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്‍വശ്രമം ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കുന്നു. ഇത്തരം സ്ഫോടക വസ്തു നിര്‍മിക്കുന്നത് എന്തിനെന്ന് അന്വേഷിക്കണം. ഇക്കാര്യം യഥാസമയം പോലീസിനെ അറിയിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പോലീസ് അറിഞ്ഞത് വൈകിയാണെന്നാണ് മനസിലാക്കുന്നത്. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ തെളിവുകള്‍ നശിപ്പിച്ചതായാണ് സൂചന. മണ്ഡലത്തില്‍ ഇത്തരം സ്ഫോടക വസ്തു നിര്‍മാണം
നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അടുത്ത കാലത്ത് തോടന്നൂരില്‍ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. തോടന്നൂരില്‍ തന്നെ സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച സംഭവവുമുണ്ടായിട്ടുണ്ട്. സമഗ്രാന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി ചെയര്മാന് വി.എം.ചന്ദ്രന്, കണ്‍വീനര്‍ കെ.ടി.അബ്ദുറഹിമാന്, പ്രമോദ് കക്കട്ടില്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കാവില്‍ രാധാകൃഷ്ണന്, സി.വി.അജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.














