
വടകര: ചെമ്മരത്തൂരില്‍ 15 ലിറ്റര്‍ വാറ്റ് ചാരായവുമായി ഒരാള്‍ കൂടി എക്‌സൈസ് പിടിയില്‍. പാറക്കാട്ട് പറമ്പത്ത് സന്തോഷിനെയാണ് വടകര എക്‌സൈസ് റേഞ്ച് ഓഫീസിലെ
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.ജയപ്രസാദും സംഘവും പിടികൂടിയത്. ഇയാള്‍ ഏറെ കാലമായി ചാരായം വില്‍പന നടത്തുന്നതായി എക്‌സൈസ് അറിയിച്ചു.
രണ്ടര ലിറ്റര്‍ ചാരായവുമായി ചോറോട്ട് മീത്തല്‍ മഹേഷിനെ കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ രണ്ടാം പ്രതിയാണ് സന്തോഷ്. ആര്യന്നൂരിലേക്കുള്ള റോഡരികിലെ പണിതീരാത്ത വീടിന്റെ പിറകില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു 15
ലിറ്റര്‍ ചാരായം. പ്രിവന്റീവ് ഓഫീസര്‍മാരായ ഗണേഷ്, വി.സി.വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അജ്മല്‍, അഖില്‍, അശ്വിന്‍, രാഹുല്‍ ആക്കിലേരി, സച്ചിന്‍ എന്നിവരടങ്ങിയ പാര്‍ട്ടിയാണ് ചാരായവുമായി പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
















