
വടകര: അഞ്ചു വര്‍ഷത്തിനിടയില്‍ 1150 കോടി രൂപയുടെ പദ്ധതികളുമായി കുറ്റ്യാടി മണ്ഡലം വികസന കുതിപ്പിലേക്ക്. ജനങ്ങളുടെയും സര്‍ക്കാറിന്റെയും പിന്തുണയും സഹകരണവും കൊണ്ട് മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റോഡുകള്‍, പാലങ്ങള്‍, ആശുപത്രിക്കും സ്‌കൂളുകള്‍ക്കും കെട്ടിടങ്ങള്‍, കാര്‍ഷികം, ടൂറിസം
രംഗത്തെ പദ്ധതികള്‍ എന്നിങ്ങനെ മണ്ഡലത്തിലാകെ വികസനം നടത്താന്‍ കഴിഞ്ഞു. സ്വന്തം കെട്ടിടമില്ലാത്ത ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും മണ്ഡലത്തിലില്ല. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും സഹായവും ലഭ്യമാക്കി.
20-5-2021 മുതല്‍ 30-1-2026 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7.35കോടി രൂപ സഹായമായി നല്‍കിയതായി കെ.പി.കുഞ്ഞമ്മദ്കുട്ടി അറിയിച്ചു. 4638 അപേക്ഷകളാണ് ഈ കാലയളവില്‍ ലഭിച്ചത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്നു ലഭിച്ച 2850 അപേക്ഷകള്‍ വിവിധ വകുപ്പുകളിലേക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു.
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ 183.71 കിലോമീറ്റര്‍ റോഡുകള്‍ ഉള്ളതില്‍ 117 കിലോമീറ്റര്‍ ഭാഗം ബിഎംബിസി ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 53.76 കിലോമീറ്റര്‍ റോഡുകള്‍ ഉന്നത നിലവാരത്തില്‍ എത്തിക്കുന്ന പ്രവൃത്തികള്‍ നടപ്പിലാക്കി. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ 52.61 കോടി രൂപ അനുവദിച്ചു. 30.63 കിലോമീറ്റര്‍ നീളത്തില്‍ 35.9 കോടി രൂപയുടെ വിവിധ റോഡ് പ്രവൃത്തികള്‍ പുരോഗതിയിലാണ്.
37.4 കോടി രൂപയുടെ കുറ്റ്യാടി ബൈപ്പാസ്, 77 കോടി രൂപയുടെ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് എന്നിവയും പുരോഗമിക്കുന്നു. 2026-27 ബജറ്റില്‍ വിവിധ റോഡുകള്‍ക്കായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.
കുറ്റ്യാടി ബൈപ്പാസ്, വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്, മൊകേരി കോളജ് ഡിജിറ്റല്‍ റിസോഴ്‌സ് സെന്റര്‍, വില്യാപ്പള്ളി, തിരുവള്ളൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
എന്നിവയാണ് കിഫ്ബി അനുമതി ലഭിച്ച പ്രധാനപ്പെട്ട പദ്ധതികള്‍. ഇതില്‍ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിന് എംഎസ്എസ് സാങ്കേതികവിദ്യയില്‍ മിനുസമായ ഉപരിതലം നിര്‍മ്മിക്കുന്നതിനായി 4.16 കോടി രൂപയുടെ അനുമതി ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലുമാണ്.
പറമ്പില്‍ ഗവ.യുപി സ്‌കൂള്‍, ഗവ എല്‍പി സ്‌കൂള്‍ കുറിച്ചകം, ഗവ. എല്‍ പി സ്‌കൂള്‍ അരംമ്പോല്‍, തിരുവള്ളൂര്‍ ഗവ. എം യു പി സ്‌കൂള്‍, വട്ടോളി ഗവ.യുപി സ്‌കൂള്‍, ഗവ. യുപി സ്‌കൂള്‍ പൈങ്ങോട്ടായി, കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് നിര്‍മ്മാണം, കുന്നുമ്മല്‍ എഇഒ ഓഫീസ്, ചേരാപുരം ഗവ.എല്‍പി സ്‌കൂള്‍, തോടന്നൂര്‍ എഇഒ ഓഫീസ്, മണിയൂര്‍ വാന നിരീക്ഷണ കേന്ദ്രം എന്നിങ്ങനെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 15.34 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്.
6.9 കോടി രൂപ വീതം അനുവദിച്ച മണിയൂര്‍, വില്യാപ്പള്ളി ഐടിഐ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി.
അംബേദ്കര്‍ ഗ്രാമപദ്ധതിയുടെ ഭാഗമായി ചോയി മഠം പട്ടികജാതി നഗര്‍, കുളിക്കുന്ന്
പട്ടികജാതി നഗര്‍, മൂഴിക്കല്‍ പട്ടികജാതി നഗര്‍, തുരുത്തി പട്ടികജാതി നഗര്‍ എന്നിവിടങ്ങളിലെ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായി. വാളാഞ്ഞികുളങ്ങരത്ത് പട്ടികജാതി നഗര്‍ പ്രവര്‍ത്തി പുരോഗമിക്കുന്നു. അട്ടക്കുണ്ട് നഗര്‍ വികസന പ്രവൃത്തിക്കും അനുമതി ലഭിച്ചു. പട്ടികജാതി നഗരുകളുടെ ഉന്നമനത്തിനായി 5.5 കോടി രൂപയുടെ പ്രവൃത്തിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ലോകനാര്‍ക്കാവ് പൈതൃക പദ്ധതിയുടെ ഭാഗമായി നാലര കോടി രൂപയുടെ ഗസ്റ്റ് ഹൗസ് നിര്‍മാണം പൂര്‍ത്തീകരിച്ചു. 6.69 കോടി രൂപയുടെ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മ്യൂസിയവും അനുബന്ധപ്രവൃത്തികളും പൂര്‍ത്തിയായുന്നു. ചൊവ്വാപ്പുഴ ഇക്കോ ടൂറിസം മണിയൂര്‍, അക്വാട്ടിക് ട്രെയിനിങ് സെന്റര്‍ മേമുണ്ട എന്നിവയും ടൂറിസം വകുപ്പില്‍ നിന്ന് അനുവദിച്ച പദ്ധതികളാണ്. 15.2 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ടൂറിസം വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചത്.
തിരുവള്ളൂര്‍ മഹാശിവക്ഷേത്രം കുളനിര്‍മ്മാണം, കുറ്റ്യാടി പുഴയോര സംരക്ഷണം, കട്ടില മൂഴി വിസിബി നിര്‍മ്മാണം, കുന്നുമ്മല്‍ പള്ളി കനാല്‍ റോഡ്, വേങ്ങാടിക്കല്‍ പമ്പിങ് സ്റ്റേഷന്‍
പുനര്‍നിര്‍മാണം, മാമ്പള്ളിത്തോട് പുനരുദ്ധാരണം, കൊത്തന്‍ കോട്ടുമ്മല്‍ തോട് നവീകരണം എന്നീ പദ്ധതികള്‍ ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വിവിധ ഭാഗങ്ങളില്‍ കനാല്‍ പുനരുദ്ധാരണം നടപ്പിലാക്കി. ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കുറ്റ്യാടി മണ്ഡലത്തില്‍ 522 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വടകര-മാഹി കനാല്‍ പ്രവൃത്തിക്കായി 69.89 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ മുഴിക്കല്‍ ബ്രിഡ്ജും അപ്രോച്ച് റോഡും പ്രവൃത്തി പൂര്‍ത്തിയായി. കോട്ടപ്പള്ളി പാലം പ്രവൃത്തി ആരംഭിച്ചു. വെങ്ങോളി പാലത്തുനിന്ന് ആരംഭിക്കുന്ന റോഡിന് 97 ലക്ഷം രൂപയുടെ അനുമതിയും നല്‍കി.
മണിയൂര്‍ ഗ്രാമപഞ്ചായത്ത് കളിക്കളം, വില്യാപ്പള്ളി മയ്യന്നൂര്‍ സ്റ്റേഡിയം, പുറമേരി ഇന്‍ഡോര്‍
സ്റ്റേഡിയം, കുന്നുമ്മല്‍ വോളിബോള്‍ അക്കാദമി ഗ്രൗണ്ട്, ഹോസ്റ്റല്‍, മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ട്, മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം, ഇഎംഎസ് ഇന്‍ഡോര്‍ സ്റ്റേഡിയം മൊകേരി, ഗവ. കോളേജ് മൊകേരി കളിസ്ഥലം എന്നിങ്ങനെ കായിക മേഖലയില്‍ 8.1 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കളിസ്ഥലവും മണിയൂര്‍ എന്‍ജിനീയറിങ് കോളജ് കളിസ്ഥലവും പൂര്‍ത്തിയായി. ബാക്കി പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു.
ആരോഗ്യ മേഖലയില്‍ 28.5 കോടി രൂപയുടെ കുറ്റ്യാടി താലൂക്ക് ആശുപത്രി പൂര്‍ത്തീകരണത്തിലേക്ക് കടക്കുകയാണ്. ഒപ്പം 2 കോടി രൂപയുടെ കുറ്റ്യാടി താലൂക്ക് ആശുപത്രി ക്വാര്‍ട്ടേഴ്‌സിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുകയാണ്. കുന്നുമ്മല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ 32.93 കോടി രൂപയുടെ പ്രവൃത്തികളാണ് ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ദീര്‍ഘകാലമായി കാത്തിരുന്ന പാലയാട് തുരുത്തിപ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മണിമല നാളികേര പാര്‍ക്ക് വ്യവസായങ്ങള്‍ക്ക് കൈമാറുകയാണ്. ഇതിനകം വ്യവസായങ്ങളെ ക്ഷണിക്കുന്നതിനുള്ള പരസ്യം നല്‍കി കഴിഞ്ഞു. പ്രവേശന മാര്‍ഗം, വൈദ്യുതി, വെള്ളം എന്നിവ സൈറ്റില്‍ ക്രമീകരിച്ചു. എട്ടരക്കോടി രൂപയുടെ പ്രവൃത്തികളാണ് മണിമല നാളികേര പാര്‍ക്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയത്.
കേരഗ്രാമം, ക്ഷീര ഗ്രാമം ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. കുറ്റ്യാടി തേങ്ങയുടെയും അരൂര്‍ ഒളോര്‍ മാങ്ങയുടെയും ഭൗമ സൂചിക പദവിക്കായുള്ള
പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. തുലാറ്റ് നട നീര്‍ത്തട പദ്ധതിയുടെ ഭാഗമായുള്ള തോട് നിര്‍മ്മാണ പ്രവൃത്തിയും നടന്നുവരുന്നു.
ഇത്തരത്തില്‍ നാടിനാകെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായതില്‍ തികഞ്ഞ സംതൃപ്തിയും സന്തോഷവുമാണ് ഉള്ളതെന്ന് എംഎല്‍എ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.സുരേഷ്ബാബു, ടി.പി.ഗോപാലന്‍, പി.കെ.ദിവാകരന്‍, പി.സി.ഷൈജു, ടി.കെ.രാഘവന്‍, പി.പി.മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















