
വടകര: വായിലെ കാന്‍സറിനെതിരേ ‘ഐഡിഎ കേന്‍ വിന്‍’ എന്നപേരില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ പോരാട്ടം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട് അര്‍ബുദ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍ നിര്‍വഹിക്കും. വടകരയിലെ ഉദ്ഘാടനം
വൈകുന്നേരം ആറരക്ക് ഐഎംഎ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വദനാര്‍ബുദം പ്രാരംഭത്തില്‍ തന്നെ കണ്ടെത്തി സമയബന്ധിത ചികിത്സ ഉറപ്പാക്കി മരണനിരക്കും ഗുരുതര പ്രത്യാഘാതങ്ങളും കുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് കാന്‍സര്‍ രോഗികളില്‍ 40 ശതമാനവും വദനാര്‍ബുദബാധിതരാണെന്നാണ് കണക്ക്. സംസ്ഥാനത്ത് വദനാര്‍ബുദ വ്യാപനം ഉയരുകയാണെന്നും 7000 ഡെന്റല്‍ ക്ലിനിക്കുകള്‍ പ്രാഥമിക കണ്ടെത്തല്‍ കേന്ദ്രങ്ങളാവുമെന്നും ഇവര്‍ പറഞ്ഞു. വായില്‍ ഭേദമാകാത്ത
മുറിവുകള്‍, ചുവപ്പോ വെള്ളയോ പാടുകള്‍, അസാധാരണ വളര്‍ച്ചകള്‍, വേദന, രക്തസ്രാവം, വായ തുറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡെന്റല്‍ പരിശോധന നടത്തണം. സ്‌കൂള്‍ കുട്ടികള്‍, ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരില്‍ രോഗവര്‍ധന ആശങ്കാജനകമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ രോഗം ഭേദമാവും.
വാര്‍ത്താസമ്മേളനത്തില്‍ ഡെന്റല്‍ അസോസിയേഷന്‍ വടകര പ്രസിഡന്റ് ഡോ.ആര്‍.പ്രമോദ്, സെക്രട്ടറി ഡോ. സുശാന്ത് കൃഷ്ണ, ഡോ. ശാലുമോഹന്‍ എന്നിവര്‍ പങ്കെടുത്തു.
















