
വടകര: നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിന് കൈമാറുന്നതിനെതിരെ ക്ഷേത്ര ട്രസ്റ്റ് രംഗത്ത്. ഇതിനെ നിയമപരമായി നേരിടുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്ര നടത്തിപ്പ് കൈയ്യാളുന്ന ജീര്‍ണോദ്ധാരണ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പലതും അംഗീകരിക്കാനാവാത്തതാണെന്ന് ഇവര്‍ പറഞ്ഞു. അടുത്തകാലത്തായി ക്ഷേത്ര ഊരാളന്മാരായ എടത്തില്‍ തറവാടിനെയും ഊരാളന്മാരെയും ക്ഷേത്രസംവിധാനത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് ജീര്‍ണോദ്ധാരണ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എടത്തില്‍ തറവാട്ടിലെ മുതിര്‍ന്ന കാരണവരായ പ്രഭാകരന്‍ നമ്പ്യാരെ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഒഴിവാക്കി.
ക്ഷേത്രത്തിലേക്കുള്ള ലക്ഷക്കണക്കിന് രൂപയുടെ വരുമാനം സ്വന്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ക്ഷേത്രത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി 1985 ല്‍ ക്ഷേത്ര ഊരാളന്മാരായ എടത്തില്‍ തറവാട്ടുകാര്‍ രൂപീകരിച്ച ജീര്‍ണോദ്ധാരണ കമ്മിറ്റി കാലക്രമേണ ചില തല്‍പരകക്ഷികളുടെ സ്വാധീന വലയത്തിലായി. ക്ഷേത്രത്തിലേക്ക് വര്‍ഷാവര്‍ഷം ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപ ക്ഷേത്രജീര്‍ണോധാരണത്തിന് ഉപയോഗിക്കുന്നില്ല. ഭണ്ഡാര വരവ്, ഭക്തരുടെ സംഭാവന, വഴിപാട്, ചന്തവരുമാനം എന്നിവയുടെ കണക്ക് ഭക്തജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നില്ല. 20023 ന് ശേഷം റിപ്പോര്‍ട്ടും വരവു ചെലവു കണക്കും ഹാജരാക്കിയിട്ടില്ല.
നിലവിലെ കമ്മിറ്റിക്ക് നിയമപരമായ സാധുത ഇല്ലെന്ന മനസിലാക്കിയ ക്ഷേത്രം
ഊരാളന്മാരായ എടത്തില്‍ തറവാട്ടുകാര്‍ ഭക്തജനങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിച്ചതാണ് ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റുമായി സഹകരിച്ചു എന്ന കാരണം പറഞ്ഞു ക്ഷേത്രത്തിന്റെ ഉത്സവകാല ആചാരങ്ങള്‍ നടത്തിവരുന്ന പത്മശാലിയ വിഭാഗത്തില്‍പ്പെട്ട ടി കെ ദേവദാസിനെയും കുടുംബത്തെയും തെരുവില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കിയതായി ഇവര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് എടത്തില്‍ പ്രഭാകരന്‍ നമ്പ്യാര്‍, ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍, എടത്തില്‍ മുരളീധരന്‍, പി.കെ.ദിനേശന്‍, ടി.കെ.ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
















