
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ പേരാവൂരിൽ സ്ഥാനാർഥിയാകും. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന ഉറപ്പായതോടെ പേരാവൂരിൽ മത്സരിക്കാന്‍ ശൈലജ സന്നദ്ധത
അറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനം. മട്ടന്നൂരിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെ.കെ. ശൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. 2011ൽ പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിനു ശൈലജ പരാജയപ്പെട്ടിരുന്നു.
ഇത്തവണയും സണ്ണി ജോസഫ് തന്നെയായിരിക്കും എതിരാളി. തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. സ്പീക്കര്‍ ഷംസീര്‍ വിജയിച്ച തലശ്ശേരിയില്‍ കാരായി രാജന് മത്സരിക്കും. പയ്യന്നൂരില്‍ ടി ഐ മധുസൂദനന് ജനവിധി തേടും.
















