
വടകര: സാധാരണക്കാര്‍ക്ക് വേഗത്തിലും സൗകര്യപ്രദമായും നീതി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് വടകരയില്‍ കുടുംബ കോടതി യാഥാര്‍ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര കുടുംബ കോടതിക്ക്
പുതുതായി നിര്‍മിച്ച കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ എത്തുന്നവര്‍ക്ക് സമാധാനപരമായ അന്തരീക്ഷം അത്യാവശ്യമാണ്. ആ ലക്ഷ്യത്തോടെ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിട സമുച്ചയം തയാറാക്കിയിട്ടുള്ളത്. കുട്ടികള്‍ വരുന്ന സാഹചര്യമുള്ളതുകൊണ്ട് കോടതി അന്തരീക്ഷം അവരെ മാനസികമായി
ബാധിക്കാതിരിക്കാന്‍ ശിശു സൗഹൃദ മുറികള്‍ ഉള്‍പ്പടെ സജ്ജമാക്കിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ ശിലാസ്ഥാപനം നിര്‍വഹിച്ച കെട്ടിടം സമയബന്ധിതമായി പൂര്‍ത്തീകരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ഓണ്‍ലൈനില്‍ അധ്യക്ഷനായി.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഹൈക്കോടതി ജഡ്ജ് സി പി മുഹമ്മദ് നിയാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ജസ്റ്റിസ് കെ നടരാജന്‍, ജസ്റ്റിസ് സി പ്രദീപ് കുമാര്‍, കെ കെ രമ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ പി
കെ ശശി, കുടുംബ കോടതി ജഡ്ജ് ലീന റഷീദ്, അഡ്വ. കെ എം രാംദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജഡ്ജ് വി എസ് ബിന്ദു കുമാരി സ്വാഗതവും കെ കെ സാജിര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 9.8 കോടി രൂപ ചെലവിട്ടാണ് കുടുംബ കോടതിക്ക് വടകരയില്‍ കെട്ടിടം യാഥാര്‍ഥ്യമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായാണ് കെട്ടിടം. കോടതി മുറികള്‍, അഭിഭാഷകര്‍ക്കുള്ള മുറികള്‍, മുലയൂട്ടല്‍ കേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, ലിഫ്റ്റ്, കൗണ്‍സിലിങ് റൂം, ശൗചാലയങ്ങള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
















