
തലശ്ശേരി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു ആക്രമിച്ചതില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതിനിടെ കോടിയേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം
കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് തീയണച്ചു. ഓഫീസ് കത്തിച്ചത് സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും നശിപ്പിക്കുന്നത് തുടരുകയാണ്.
അതേസമയം, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീണാ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. എംആര്‍ഐ സ്‌കാനിംഗില്‍
ഗുരുതരപ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തല്‍. കഴുത്തിന് നേരിയ ക്ഷതം ഉണ്ടെന്നാണ് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയത്. ഇന്ന് പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് മീറ്റിംഗ് ചേരും. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
















