
കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ്ങില്‍ ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ധാഡിങ് ജില്ലയിലെ ഗജൂരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. യാത്രാ
ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. പൊഖ്‌റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് പൃഥ്വി ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് സായുധ പോലീസ് വക്താവ് പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് പതിനേഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ 28 യാത്രക്കാരെ ബസില്‍ നിന്ന് രക്ഷപ്പെടുത്തിയതായും വക്താവ് പറഞ്ഞു. പരിക്കേറ്റ
യാത്രക്കാരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യം, സായുധ പോലീസ് സേന, നേപ്പാള്‍ പോലീസ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ളയാളാണ്. പരിക്കേറ്റവരില്‍ ഒരു ജാപ്പനീസ് വനിതയും ഒരു ഡച്ച് വനിതയും ഉള്‍പ്പെടുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അമിത വേഗതയാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
















