
അഴിയൂര്‍: കെഎസ്ഇബി അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നു. പാനൂര്‍ 110 കെവി സബ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക ഫീഡര്‍ വലിക്കാനുള്ള രണ്ട് കോടിയുടെ പദ്ധതി അനുമതി കാത്തുകിടക്കുകയാണ്.
പാനൂരില്‍ നിന്ന് പള്ളിക്കുന്ന് വരെ 4.5 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളിലൂടെയും പിന്നീട് മോന്താല്‍പാലം വഴിയും അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി എത്തിക്കാനുള്ള ബൃഹത്ത് പദ്ധതിക്കാണ് രുപരേഖയായത്. ഇത് വൈദ്യുതി ബോര്‍ഡിന്റെ തിരുവനന്തപുരം
കാര്യാലയത്തില്‍ തുടര്‍ നടപടിക്കായി കാത്ത് നില്‍ക്കുകയാണ്. എന്ന് അനുമതി ലഭിക്കുമെന്ന കാര്യം വ്യക്തമല്ല.
നിലവില്‍ ഓര്‍ക്കാട്ടേരി സബ് സ്റ്റേഷന്‍ നിന്ന് ഒഞ്ചിയം, തുരുത്തിമുക്ക്, മടപ്പള്ളി ഫീഡര്‍ വഴിയാണ് വൈദ്യതി ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈദ്യുതി തടസ്സവും ഉപഭോഗവും വര്‍ധിച്ചതോടെ വിതരണം മുടങ്ങുന്നത് നിത്യ സംഭവമാണ്. ഇതിന് പരിഹാരമായാണ് പുതിയ ഫീഡര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. 84 ട്രാന്‍സ്‌ഫോര്‍മറുകളും 14000 കണക്ഷനുമുള്ള അഴിയൂര്‍ സെക്ഷനില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓര്‍ക്കാട്ടേരിയില്‍ 220
കെവി സബ് സ്റ്റേഷന്‍ സ്ഥാപിച്ചതിനു പിന്നാലെ അഴിയൂരിലെ വിതരണ തടസ്സം മാറുമെന്ന് കരുതിയെങ്കിലും ഫലം നിരാശയാണ്.
വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. പാനൂര്‍ വഴി പുതിയ ഫീഡര്‍ പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി കെ.കെ.രമ എംഎല്‍എ പറഞ്ഞു. പാനൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് ലൈന്‍ വലിച്ച് അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിക്ക് വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു
















