തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ വിജയം. ആകെയുള്ള 13
സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. 3033 വോട്ട് പോള്‍ ചെയ്തതില്‍ 1733 പാനല്‍ വോട്ടുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. രണ്ട് അംഗങ്ങള്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 11 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഫലം പുറത്തുവന്നതോടെ സിപിഎം പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടന്ന സ്‌കൂളിന് മുന്നില്‍ പ്രകടനം നടത്തി. വിവാദങ്ങളെ അതിജീവിച്ച് നേടിയ വിജയം യുഡിഎഫിനും ബിജെപിക്കുമുള്ള തിരിച്ചടിയാണെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. അടുത്തിടെ, കേളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ്. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്തുവന്നത്. 300
കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യ നിഗമനം. ഉന്നതതല കമ്മിറ്റി നടത്തിയ വിശദ പരിശോധനയില്‍ 219 കോടിയുടെ ക്രമക്കേട് കണ്ടെത്തി. ഇതേ തുടര്‍ന്ന് 2020 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ് ബാങ്ക്. ഒരു സീറ്റില്‍ പോലും മത്സരിക്കാന്‍ യുഡിഎഫ് തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരം നടന്നത്. പതിനൊന്ന് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി.















