
പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. നാളെ പ്രതിപക്ഷ
നേതാവ് വിഡി സതീശന്‍ നയിക്കുന്ന യാത്ര പാലക്കാട് എത്തുമ്പോള്‍ സുരേഷ പങ്കെടുക്കും. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സുരേഷിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ദീര്‍ഘകാലം വിഎസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു എ.സുരേഷ്. യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സുരേഷ് തന്നെ സ്ഥാനാര്‍ഥിയാകുന്ന
കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിരുന്നുവെന്ന് സുരേഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ട് 12 വര്‍ഷത്തോളമായെന്നും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സുരേഷ് അന്ന് പറഞ്ഞിരുന്നത്.
ഇ.കെ.നായനാരും വിഎസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വി എസ് മലമ്പുഴയില്‍ നിന്ന് വിജയിച്ചു. കഴിഞ്ഞതവണ എ.പ്രഭാകരനായിരുന്നു സ്ഥാനാര്‍ഥി. 25,000ലധികം വോട്ടുകള്‍ക്കായിരുന്നു വിജയം.
















