
കോഴിക്കോട്: കേരളത്തില്‍ റെയില്‍വേ ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചതായും റെയില്‍വേ ലെവല്‍ക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നതായും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ
മുഹമ്മദ് റിയാസ്. പാവങ്ങാട് റെയില്‍വേ മേല്‍പ്പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2021-26 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ റെയില്‍വേ മേല്‍പാലം പൂര്‍ത്തിയാക്കിയത്. നിലമ്പൂര്‍ അടിപ്പാത അടക്കം 10 പ്രവൃത്തികള്‍ ഈ കാലയളവില്‍ പൂത്തിയാക്കി. 27 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം നടന്നുവരുന്നു. ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലൂടെ 99 മേല്‍പാലങ്ങളുടെ പ്രവൃത്തി നടത്താന്‍ തീരുമാനിക്കുകയും 72 എണ്ണത്തിന്റെ നിര്‍മാണത്തിന് കിഫ്ബിയേയും 27 എണ്ണത്തിന്റെ നിര്‍മാണത്തിന് റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിനെയും ചുമതലപ്പെടുത്തുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ആവശ്യപ്രകാരം നൂറ് ശതമാനം കേന്ദ്ര ഫണ്ടോടെ 37 മേല്‍പ്പാലങ്ങളുടെ
നിര്‍മാണം കെ.ആര്‍.ഡി.സി.എല്‍ വഴി നടത്താന്‍ തിരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം കൂടിയാല്‍ സംസ്ഥാനത്ത് 140 മേല്‍പ്പാലങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയാപ്പ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പുതിയാപ്പ പാവങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവൃത്തി സംസ്ഥാന സര്‍ക്കാര്‍ 13.76 കോടി രൂപ ചെലവഴിച്ചാണ് പുനരാരംഭിക്കുന്നത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. എം കെ രാഘവന്‍ എം പി, മേയര്‍ ഒ സദാശിവന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കോര്‍പ്പറേഷന്‍ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വി പി മനോജ്, കൗണ്‍സിലര്‍മാരായ പി പ്രസീന, നിഷിത ശിവന്‍, റോഡ്സ്
ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ എം അന്‍സാര്‍, ആര്‍.ബി.ഡി.സി.കെ പ്രോജക്ട് എഞ്ചിനിയര്‍ വിജിന്‍ ജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.















