കോഴിക്കോട്: പട്ടികജാതി ക്ഷേമത്തിനായി കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ 7.55 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയതായി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രി
ഒ.ആര്.കേളു അറിയിച്ചു. ഭൂരഹിത പുനരധിവാസ ധനസഹായം, പഠനമുറി, സേഫ് പദ്ധതി, ഭവന പൂര്‍ത്തീകരണം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, ഏക വരുമാനദായകന്റെ മരണ ധനസഹായം, സ്വയംതൊഴില്‍ പദ്ധതി, വിദേശ തൊഴില്‍ പദ്ധതി, ലംപ്സം ഗ്രാന്‍ഡ്, സ്റ്റൈപ്പന്‍ഡ്, പ്രൈമറി എജു എയ്ഡ്, അയ്യങ്കാളി ടാലന്റ് സ്കോളര്‍ഷിപ്പ് എന്നീ പദ്ധതികളില്‍ ആണ് തുക അനുവദിച്ചത്. തോടന്നൂര്‍ ബ്ലോക്കില്‍ 4.21 കോടി രൂപയുടെയും കുന്നുമ്മല്‍ ബ്ലോക്കില്‍ 3.34 കോടി രൂപയുടെയും പദ്ധതിയാണ്
നടപ്പാക്കിയത്.
അംബേദ്കര്‍ ഗ്രാമ പദ്ധതിയുടെ ഭാഗമായി മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മീനത്തുകര നഗര്‍, തിരുവള്ളൂര്‍ പഞ്ചായത്തിലെ വെള്ളൂക്കര നഗര്‍, മണിയൂര്‍ പഞ്ചായത്തിലെ പാലയാട് നഗര്‍, തിരുവള്ളൂര്‍ പഞ്ചായത്തിലെ തുരുത്തി നഗര്‍, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മൂഴിക്കല്‍ ഐഎച്ച്ഡിപി നഗര്‍ എന്നിവ പൂര്‍ത്തീകരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗര്‍ അംബേദ്കര്‍ ഗ്രാമം പ്രവൃത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. വേളം ഗ്രാമപഞ്ചായത്തിലെ കുളിക്കുന്ന് നഗര്‍, ചോയിമഠം നഗര്‍ പ്രവൃത്തികളും അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
















