കോഴിക്കോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റായ voters.eci.gov.in ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന് ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്കി
സംസ്ഥാനം നല്കിയാല് വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്പ് ലൈന്‍ നമ്പറായ 1950 ലേക്ക് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.
പോളിങ് ശതമാനം അറിയാന്‍
തത്സമയ പോളിങ് ശതമാനം കൃത്യമായി മനസ്സിലാക്കാന്‍ പോളിങ് ഓഫീസര്‍മാരെ സഹായിക്കാന്‍ ‘പിആര്‍ഒ ആപ്പ്’ സജ്ജമാക്കിയിട്ടുണ്ട്. ഓരോ രണ്ട് മണിക്കൂറിലും പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഈ ആപ്പ് അപ്ഡേറ്റ് ചെയ്യും.
വോട്ട് ചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന് ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 11 അംഗീകൃത തിരിച്ചറിയല്‍
രേഖകളും ഉപയോഗിക്കാം.
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് നല്കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്ഷന് രേഖ, പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്.















