
പുറമേരി: ആധുനിക കാലത്തിനൊപ്പം കേരളം വളര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള
കാലമായിരുന്നു. നടക്കില്ല എന്ന് കരുതിയ പലതും നടന്നിരിക്കുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മാറ്റത്തിനൊപ്പം കേരളം സഞ്ചരിച്ചു. ഈ അവസ്ഥയില്‍ നിന്ന് മുന്നോട്ട് പോകണമോ അതോ പിറകോട്ട് പോകണമോ എന്ന് ചിന്തിക്കേണ്ട സമയമാണിത്-അദ്ദേഹം പറഞ്ഞു.
പുറമേരിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതു സമ്മേളനത്തില്‍
പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ല്‍ ജനം ചരിത്രം തിരുത്തിയ ഒരു വിധിയാണ് നല്‍കിയത്. മാറി മാറി മുന്നണികള്‍ ഭരിക്കുന്ന അവസ്ഥ കേരളത്തിന് പ്രതികൂലമായി ബാധിച്ചു. രണ്ട് മുന്നണികളാണ് കേരളം ഭരിച്ചത്.
വികസനവും ക്ഷേമവും മുന്നോട്ട് നയിക്കുന്ന ഇടതുപക്ഷം മാറിയാല്‍ വരുന്ന വലത്
പക്ഷത്തിന് നിക്ഷിപ്ത താല്പര്യമാണ്. നാട് വല്ലാതെ പിറകോട്ട് സഞ്ചരിക്കുന്നത് ഈ ഘട്ടത്തിലാണ്. നാടിന് വേണ്ട ഒരു പദ്ധതി പോലും യുഡിഎഫ് ഏറ്റെടുക്കില്ല. തുടര്‍ച്ചയായ ഇടതുപക്ഷം നാടിനെ വലിയ പുരോഗതിയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. 2021 ന് ശേഷമുള്ള വര്‍ഷങ്ങള്‍ ജനങ്ങളുടെ തീരുമാനം ശരിവെക്കുന്ന മാറ്റങ്ങള്‍ക്കാണ് നാം നേതൃത്വം നല്‍കിയത്.
ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി. രാജ്യത്ത് അധികാരത്തില്‍
ഉള്ളവരുടെ സൃഷ്ടിയാണ് അതിദാരിദ്ര്യം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വിദ്യാഭ്യാസ രംഗം ആകെ മാറി. നമ്മുടെ നാട്ടിലെ പൊതു വിദ്യാഭ്യാസ രംഗം ലോകത്തിന് മാതൃകയായി. ലോകത്തോട് കിടപിടിക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയും മാറി. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കമ്മീഷനും രൂപീകരിച്ചു. സമഗ്ര പരിഷ്‌ക്കരണം ഉണ്ടാക്കി. അദ്ദേഹം പറഞ്ഞു. ഇകെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു
രാജ്യത്തെ മികച്ച ആറ് യൂണിവേഴ്‌സിറ്റികളില്‍ രണ്ടെണ്ണം കേരളത്തിലാണ്. മികച്ച നൂറ്
കോളജുകളില്‍ 18 എണ്ണവും കേരളത്തിലാണ്. ഇവിടെ പഠിച്ചവര്‍ക്ക് ഇവിടെ ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. കേരളം വളര്‍ന്നിരിക്കുന്നു. ഇതിന് ഇടവേള വേണോ? തുടര്‍ച്ച വേണ്ടേ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
എന്‍സിപി അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ് പിസി ചാക്കോ, മനയത്ത് ചന്ദ്രന്‍, എളമരം കരിം, സ്ഥാനാര്‍ഥികളായ എം. കെ ഭാസ്‌കരന്‍, അഡ്വ. പി വസന്തം, കെ.പി കുഞ്ഞമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കുറ്റ്യാടി നിയോജകമണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ പി സി ഷൈജു സ്വാഗതം പറഞ്ഞു.
അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് മുഖ്യമന്ത്രിയെ കാണാനും കേള്‍ക്കാനുമായി പുറമേരിയില്‍ എത്തിയത്.
















