
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുരേഷ് ഗോപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന
ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. എഐവൈഎഫ് നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.
സുരേഷ് ഗോപിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ.എസ്.ബിനോയ് ഹര്‍ജി നല്‍കിയത്.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ്
പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്നും മതവികാരം ഇളക്കിവിട്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദമാണ് ഇന്ന് ഹൈക്കോടതി തള്ളിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ
ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്.
അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് കൊടുത്തവര്‍ക്ക് അവകാശമുള്ളതുപോലെ തങ്ങള്‍ക്കും മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















