വടകര: ഇടതുപക്ഷത്തെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന്
സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. കീഴല്‍ കാവില്‍ റോഡില്‍ എല്‍ഡിഎഫ് കുറ്റ്യാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ തെരഞ്ഞെടുപ്പ്
പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം കോടി രൂപയുടെ വികസനങ്ങളാണ് കിഫ്ബി വഴി നടപ്പിലായി കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ കിഫ്ബി വഴി സമാനതകളില്ലാത്ത വികസനമാണ് നടക്കുന്നത്. ഇതിനൊക്കെ തുടര്‍ച്ചയുണ്ടാവാന്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ എത്തണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുപര്യടനത്തിന് ഇടയില്‍ സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടി വേദിയില്‍ എത്തി സംസാരിച്ചു. പരിപാടിയില്‍ പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സംസ്ഥാന കമ്മറ്റി അംഗം പി.മോഹനന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്, തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പി.സി.ഷൈജു, ട്രഷറര്‍ ടി.എന്‍.മനോജ്, കെ.കെ.രാഘവന്,
കെ.ടി.കുഞ്ഞികണ്ണന്‍, പി.പി.മുകുന്ദന്, ജയപ്രകാശ്, മഹേഷ് പയ്യട, വിനോദ് ചെറിയത്ത്, സി.നൗഫല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സി.എം.ഷാജി സ്വാഗതം പറഞ്ഞു. രാവിലെ അയ്യനവയലില് നിന്ന് ആരംഭിച്ച സ്ഥാനാര്‍ഥി പര്യടനം ചാനിയംകടവ്, നെല്ലോടിതാഴെ, തോടന്നൂര്‍ ടൗണ്‍, കാവില്‍ റോഡ് എന്നിവിടങ്ങള്‍ക്കു ശേഷം മുടപ്പിലാവില്‍ സ്കൂള്‍ പരിസരത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പി.കെ.ദിവാകരന്, എന്‍.കെ.രാമചന്ദ്രന്, അഡ്വ. കെ.പി.ബിനൂപ്, നിധിന്.കെ വൈദ്യര്, ആര്.ബാലറാം, റീന സുരേഷ്, കെ.പുഷ്പജ, വള്ളില്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.















