കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി എല്‍ഐസി ഓഫീസിലെ സെക്യൂരിറ്റി
ജീവനക്കാരനായ അണേല സ്വദേശി ആദര്‍ശിനാണ് (40) പരിക്കേറ്റത്. വൈകുന്നേരം 4.30 ഓടെ എല്‍ഐസി ഓഫീസിന് മുന്നിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദര്‍ശിന്റെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരും വാഹനയാത്രികരും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവിടെനിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാരാമുറ്റം പൈതൃക പാര്‍ക്കിനു സമീപത്തെ പേരാലിന്റെ കൊമ്പാണ് പൊട്ടിയത്. അപകടം സമയം നിരവധി പേര് സമീപത്തുണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഭീഷണിയായിരുന്ന കൊമ്പ് മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു.
-സുധീര്‍ കൊരയങ്ങാട്















