
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സ്വീപ്പ് പ്രചാരണ പരിപാടികളുടെ
ഭാഗമായി ജലഘോഷയാത്ര സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പുതിയാപ്പ ഹാര്‍ബറില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ്പ് ബോട്ട് ഇന്സ്റ്റലേഷന് അനാച്ഛാദനവും കലക്ടര്‍ നിര്‍വഹിച്ചു. തീരദേശ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ‘നോ വോട്ടര്‍ ലെഫ്റ്റ് ബിഹൈന്‍ഡ്’, ‘നമ്മുടെ വോട്ട് നമ്മുടെ അഭിമാനം’, ‘നാളെയുടെ ഭാവി ഇന്നിന്റെ വോട്ട്’, ‘ഐ വോട്ട് ഫോര്‍ ഷുവര്‍’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ബോട്ടുകള്‍ ഘോഷയാത്ര നടത്തി. ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ്.മോഹനപ്രിയ, ഫിഷറീസ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ സി.കെ.ശ്രീജിത്ത്, ശ്രീധരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുല്‍ കരീം, സ്വീപ്പ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ആര്യസമാജം സെക്രട്ടറി സി.ദേവദാസന്, പുതിയാപ്പ നോര്‍ത്ത് മത്സ്യ സഹകരണ സംഘം പ്രസിഡന്റ് സി.വിവത്സു, പുതിയാപ്പ സൗത്ത് മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി.ഉമേശന് തുടങ്ങിയവര്‍ പങ്കെടുത്തു.















