
തിരുവള്ളൂര്‍: 2025-26 വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിക്കാന്‍ ക്രമീകരിച്ച അറുപതോളം റോഡുകളില്‍ ഒന്നൊഴികെ മുഴുവനും നഷ്ടമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. ഭിന്നശേഷിക്കാരെ ഉള്‍പ്പെടെ
പരിഗണിച്ചായിരുന്നു തൊഴിലുറപ്പ് ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വണ്‍ ഫിഫ്റ്റി പ്ലസ് റോഡ് പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ഗൗരവകരമായ ഇടപെടല്‍ നടത്താന്‍ പ്രസിഡന്റിനോ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിക്കോ സാധിച്ചിട്ടില്ലെന്നു യുഡിഎഫ് കുറ്റപ്പെടുത്തി.
തൊഴിലുറപ്പ് റോഡ് യാഥാര്‍ഥ്യമാക്കുന്നതിലും വികസന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസ്സംഗത
അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു സമീപം ധര്‍ണ നടത്തി. ഡിസിസി ജന.സെക്രട്ടറി എടവത്തുകണ്ടി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ആര്.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. പാലൂന്നി മൊയ്തു, കണ്ണോത്ത് സൂപ്പി ഹാജി, സബിത മണക്കുനി, എഫ്.എം.മുനീര്‍, ബവിത്ത് മലോല്‍, കെ.കെ.അബ്ദുറഹ്മാന് ഹാജി, ശ്രീജിത്ത് എടത്തട്ട, ഡി.പ്രജീഷ്, പി.അബ്ദുറഹ്മാന് എന്നിവര്‍ പ്രസംഗിച്ചു















