വടകര: അഭിഭാഷക ഗുമസ്തയായി ജോലി ചെയ്തുപോന്ന ഷിനില വെല്ലുവിളികളെ അതിജീവിച്ച് പുതിയ വേഷത്തില്‍. അഡ്വക്കേറ്റ് ക്ലാര്‍ക്കില്‍ നിന്ന് തന്റെ പ്രയത്നഫലമായി
അഭിഭാഷകയായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഷിനില.
അഭിഭാഷക വൃത്തിയോട് പ്രിയം തോന്നി എല്‍എല്‍ബി നേടി എന്റോള്‍ ചെയ്ത ഷിനില ജീവിതത്തില്‍ വെല്ലുവിളി നേരിടുന്നവര്‍ക്ക് മാതൃകയാണ്. കഠിന പ്രയത്നം നിറഞ്ഞ വഴികളില്‍ വിവാഹവും കുട്ടിയെ വളര്‍ത്തലുമൊന്നും പഠനത്തിനു തടസ്സമായില്ല.
പേരാമ്പ്രക്കടുത്ത് നൊച്ചാട് പഞ്ചായത്തിലെ വാല്യക്കേട് നാഗത്ത് ബാലന്റെയും
വിനോദിനിയുടേയും മകളായ ഷിനില പേരാമ്പ്ര ഹൈസ്ക്കൂളില്‍ നിന്ന് എസ്എസ്എല്‍സിയും സി.കെ.ജി.ഗവ.കോളജില്‍ നിന്നു പ്രീഡിഗ്രിയും പാസാകുമ്പോഴേക്കും തിരുവള്ളൂര്‍ ചാനിയംകടവ് ചെറിയ കുമ്മോടി വിനോദനുമായി വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹശേഷം തിരുവള്ളൂരിലെത്തിയ ഷിനില എട്ടു വര്‍ഷത്തോളം പയ്യോളിയിലെ അഭിഭാഷകന്റെ ഗുമസ്തയായി ജോലി ചെയ്തു.
അപ്പോഴാണ് അഭിഭാഷക വൃത്തിയോട് പ്രിയം തോന്നുന്നത്. പിന്നാലെ കോഴിക്കോട് ഭവന്‍സ് ലോകോളജില്‍ എല്‍എല്‍ബിക്ക് അഡ്മിഷന് നേടി പഠനം ആരംഭിച്ചു. ഇതിനിടയില്‍ മകള്‍
അല്‍നയുടെ ജനനം. പ്രതിസന്ധികളെ വകവെക്കാതെ പഠനം തുടര്‍ന്ന ഷിനില എല്‍എല്‍ബി പാസാവുകയും ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൈക്കോടതിയിലെ എന്റോള്‍മെന്റില്‍ പങ്കെടുത്ത് അഭിഭാഷകയാവുകയായിരുന്നു.
വടകരയിലെ സീനിയര്‍ അഭിഭാഷകന് പി.സുനില്‍ കുമാറിനു കീഴിലാണ് പ്രാക്ടീസ് തുടങ്ങിയിരിക്കുന്നത്. മകള്‍ അല്നയാവട്ടെ ബിബിഎ ഏവിയേഷന്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയും.















