
വടകര: പിണറായി വിജയന് നയിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തെ അഴിമതിയുടെ ചളിക്കുണ്ടിലേക്ക് താഴ്ത്തിയെന്ന് അഡ്വ. പി.എസ്.ശ്രീധരന് പിള്ള. എന്‍ഡിഎ വടകര
മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ യുദ്ധഭീതിയില്‍ പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ നരേന്ദ്ര മോദി നയിക്കുന്ന ഭാരത സര്‍ക്കാര്‍ വിലക്കയറ്റമില്ലാതെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നയതന്ത്ര ഇടപെടലുകള്‍ കൊണ്ടാണ്. കേന്ദ്ര സര്‍ക്കാരിന്റെ വികസന യാത്രയില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം ചേരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് കേരളത്തില്‍ പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജയ്കിഷ്, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.ബിനീഷ്, ജില്ലാ സെക്രട്ടറിമാരായ കെ.അനൂപ്, രഖിലേഷ് അഴിയൂര്‍, സംസ്ഥാന സമിതി അംഗം കെ.പി.ജയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം.അശോകന്, ജില്ലാ ഉപാധ്യക്ഷന്‍ പി.പി.വ്യാസന്, നിധിന് അറക്കിലാട്, ശോഭാ സദാനന്ദന്, കൗണ്‍സിലര്‍മാരായ ശ്രീകല.വി.ന്, സിന്ധു.പി.കെ, ബൈജു.വി.കെ എന്നിവര്‍ സംസാരിച്ചു. എന്‍ഡിഎ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ വിജയബാബു അധ്യക്ഷത വഹിച്ചു. ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പ്രീത നന്ദിയും പറഞ്ഞു.














