കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. ചാത്തമംഗലം
വെയര്‍ ഹൗസില്‍ സൂക്ഷിച്ച വിവി പാറ്റ്, ഇലക്ട്രോണിക് വോട്ടിങ് മെഷീന് തുടങ്ങിയവയാണ് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങള്‍ക്കും വേണ്ടി വെയര്‍ഹൗസില്‍ പ്രത്യേകം തയാറാക്കിയ സ്റ്റാളുകളില്‍ ചുമതലയുള്ള ജീവനക്കാര്‍ അതത് നിയോജക മണ്ഡലങ്ങള്‍ക്ക് ലഭിക്കുന്ന മെഷീനുകളുടെ എണ്ണവും നമ്പറും ഉറപ്പുവരുത്തി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷമാണ് മെഷീനുകള്‍ മണ്ഡലങ്ങളിലേക്ക് മാറ്റിയത്. പോലീസ് സുരക്ഷയില്‍ ജിപിഎസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ചത്.
ഇവയുടെ കമ്മീഷനിംഗ് ഏപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളിലും പോളിംഗ് ബൂത്തുകളിലേക്കുള്ള വിതരണം ഏപ്രില്‍ എട്ടിനും നടക്കും.














