കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി. പൊതുനിരീക്ഷകരായ ഡോ. ജിതേന്ദ്ര ഗുപ്ത ഐഎഎസ്,
അപ്നീത് റിയെത് ഐഎഎസ്, കെ.നിഖില ഐഎഎസ്, ചെലവ് നിരീക്ഷകരായ പുഷ്‌കര്‍ കുമാര്‍ ഐഎ ആന്‍ഡ് എഎസ്, ദീപക് ആനന്ദ് ഐആര്‍എസ്, കസ്ലു സദാനന്ദ് റാം റാവു ഐആര്‍എസ് എന്നിവരാണ് എത്തിയത്. കലക്ടറേറ്റിലെത്തിയ നിരീക്ഷകരുമായി ജില്ലാ കലക്ടറും പോലീസ് മേധാവികളും കൂടിക്കാഴ്ച നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും ഒരുക്കങ്ങള്‍ സംബന്ധിച്ചും കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി നടത്താന്‍ സാധിക്കണമെന്ന് പൊതു നിരീക്ഷകയായ അപ്നീത് റിയെത് ഐഎഎസ് പറഞ്ഞു. ഭയരഹിതമായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് സാധിക്കണമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍
സൂക്ഷമമായി നിരീക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. ക്രമസമാധാന, സുരക്ഷ നടപടികള്‍ സിറ്റി പോലീസ് കമീഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ്പി ടി.ഫറാഷ് എന്നിവര്‍ വിശദീകരിച്ചു. മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങള്‍ റിട്ടേണിങ് ഓഫീസര്‍മാരും ജില്ലയിലെ മറ്റു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നോഡല്‍ ഓഫീസര്‍മാരും വിശദീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്.സുബിന്‍, നോഡല്‍ ഓഫീസര്‍ ആദില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.















