തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന
മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഭയമോ പക്ഷപാതമോ രാഗദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ വീഴ്ചയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അർപ്പിതമായ ഉത്തരവാദിത്വത്തിൽ നിന്നുള്ള വ്യതിയാനമാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു സർക്കാർ അധികാരത്തിൽ വരുന്നത് പ്രതികാരം ചെയ്യാനോ പക തീർക്കാനോ ആണോ. അധികാരത്തിലേറി കഴിഞ്ഞാൽ ഈ നാടിന് ഒരു സർക്കാരല്ലേയുള്ളൂ. എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കണ്ടേ. ഇത് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമായി കാണാനാകില്ല. നേരത്തെ രൂപീകരിച്ച എസ്.ഐ.ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ
പ്രസംഗം. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പ്രതികാരദാഹിയായി മാറിയാൽ സംസ്ഥാനത്തിന്റെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അകത്തിടാനും യൂത്ത് കോൺഗ്രസിന് വേണ്ടി ആളുകളെ പിടികൂടാനുമാണ് എസ്.ഐ.ടി രൂപീകരിച്ചത് എന്നാണല്ലോ മുഖ്യമന്ത്രി തന്നെ തുറന്നുപറയുന്നത്. പ്രതികാരം ചെയ്യുന്നതിന് വേണ്ടിയല്ല സർക്കാരും മുഖ്യമന്ത്രിയും അധികാരത്തിലിരിക്കുന്നത്. അതിനല്ല സംസ്ഥാന ഭരണത്തെ ഉപയോഗിക്കേണ്ടത്. സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞിരിക്കുന്നതാണ് ഈ കാണിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
















