വടകര: സവിശേഷമായ ഭൂപ്രകൃതിയും പ്രകൃതിരമണീയതയും കൊണ്ട് സഞ്ചാരികളെ
ആകര്‍ഷിക്കുന്ന വെള്ളിയാങ്കല്ലിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി
കെ.കെ.രമ എംഎല്‍എയുടെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വെള്ളിയാങ്കല്ലില്‍ സന്ദര്‍ശനം നടത്തി വികസന സാധ്യതകള്‍ നേരിട്ട് വിലയിരുത്തി. വടകരയുടെ തീരത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ കടലില്‍ കിടക്കുന്ന ഭീമന് പാറക്കൂട്ടങ്ങളാണ് വെള്ളിയാങ്കല്ല്. വെള്ളിയാങ്കല്ലിന്റെ തനിമയും പരിസ്ഥിതി സവിശേഷതകളും ഒട്ടും കോട്ടംതട്ടാതെ നിലനിര്‍ത്തിക്കൊണ്ട് സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കുന്നത്. പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘം വിശദമായി ചര്‍ച്ച ചെയ്തു. സന്ദര്‍ശനത്തിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന്മേല് അടിയന്തര തുടര്‍നടപടികള്‍ സ്വീകരിച്ച് വെള്ളിയാങ്കല്ലിന്റെ സമഗ്ര ടൂറിസം വികസനം യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
എംഎല്‍എക്കൊപ്പം വടകര നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശശി, പ്രതിപക്ഷ നേതാവ് എം.ഫൈസല്‍, കൗണ്‍സിലര്‍മാരായ സി.എച്ച്.ഗംഗാധരന്, യു.അജ്നാസ്, കോഴിക്കോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്, ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ.കെ.അശ്വിന്, ആര്‍ക്കിടെക്ട് പി.സി.റഷീദ്, വടകര കോസ്റ്റല്‍ പോലീസ് എസ്ഐ വരീഷ്, എഎസ്ഐ സരിത എന്നിവരടങ്ങിയ സംഘമാണ് യാത്ര നടത്തിയത്.















