വടകര: മണിയൂര്‍ പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് നാളെ (തിങ്കള്‍) കുറ്റപത്രം സമര്‍പ്പിക്കും. വടകര ബാങ്ക് റോഡ് ചങ്ങരോത്ത് അബ്ദുല്‍ റഫീഖാണ് ഒന്നാം പ്രതി.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവാണ് രണ്ടാം പ്രതി.
അന്വേഷണം ഏറ്റെടുത്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജാമ്യം കിട്ടി റഫീഖ് പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
12 വയസുകാരിയെ മാതാവിന്റെ സഹായത്തോടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒന്നര വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
2026 ജനുവരി 16ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക്
കടന്നു. സെപ്റ്റംബര്‍ 29ന് നാട്ടിലെത്തിയ ഇയാള്‍ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടി. ഈ സംഭവത്തില്‍ കടുത്ത രീതിയില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലും വടകരയിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതോടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. ഒക്ടോബര്‍ 24നാണ് കൊയിലാണ്ടി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെ ഇയാള്‍ മുങ്ങി. ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും പിന്നീട് സ്റ്റേ നീക്കി. ഇതോടെയാണ് പ്രതി റഫീഖ് പൊലീസ് പിടിയിലായത്.
















