തിരുവനന്തപുരം: പൊതുസ്ഥലത്തെ സമരപ്പന്തലുമായി ബന്ധപ്പെട്ട് നിരവധി കോടതി അലക്ഷ്യ കേസുകളുള്ള പശ്ചാത്തലത്തിലാണ് എല്‍പിഎസ്ടി സമരപ്പന്തല്‍ പൊലീസ്
പൊളിച്ചു മാറ്റിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുസ്ഥലത്തെ സമരപ്പന്തലില്‍ കോടതി നിര്‍ദേശം പാലിക്കേണ്ടതുണ്ട്. വിവരം അറിഞ്ഞപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നും സമരം ചെയ്യുന്നവര്‍ സമരം ചെയ്യട്ടെ എന്നും പറഞ്ഞിരുന്നു. വളര്‍മതി കുറെ ദിവസമായി നിരാഹാരം കിടക്കുകയാണ്. ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പൊതുസ്ഥലത്തെ സമരപ്പന്തലുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ പേരില്‍ നിരന്തരമായി കോടതി അലക്ഷ്യ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്. അല്ലാതെ ആരെങ്കിലും സെക്രട്ടേറിയറ്റ് പടിക്കല്‍ പന്തലു കെട്ടി സമരം
നടത്തുന്നതിന് നമുക്ക് ഒരു എതിര്‍പ്പുമില്ല. ലോകത്ത് എല്ലായിടത്തും ഇത്തരം സമരം നടക്കുന്നുണ്ട്. സമരങ്ങളോട് സര്‍ക്കാരിന് ഒരു അലര്‍ജിയുമില്ല. എന്നാല്‍ എല്ലാ ഡിമാന്റുകളും ഒരുമിച്ച് പരിഹരിക്കാന്‍ കഴിയില്ലെന്ന് സമരം ചെയ്യുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. സമരക്കാരുടെ അഞ്ചില്‍ നാലു ഡിമാന്റുകളും അംഗീകരിച്ചു. അഞ്ചാമത്തെ ഡിമാന്‍ഡ് പ്രായോഗികമല്ലാത്തതുകൊണ്ടാണ് അംഗീകരിക്കാതിരുന്നത്. എല്ലാ ഡിമാന്റുകളും അംഗീകരിച്ചുകൊണ്ട് സമരം തീര്‍ക്കാന്‍ കഴിയുമോ? ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളല്ലേ? അതുകൊണ്ട് അവര്‍ സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
















