തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്കി നടത്തിയ തട്ടിപ്പില്‍ മുന്‍കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലന്‍സ് അന്വേഷണത്തിന്
ഗവര്‍ണറുടെ അനുമതി. അഴിമതി നിരോധന നിയമപ്രകാരം മുന്മന്ത്രിക്കെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഫയല്‍ പരിഗണിച്ചാണ് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ അനുമതി നല്‍കിയത്. രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണറായിരുന്നപ്പോഴാണ് മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ അബ്ദുറഹിമാനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി തേടിയത്. എന്നാല്‍ ഗവര്‍ണര്‍ മാറിയതോടെ വിഷയത്തില്‍ തീരുമാനം നീളുകയായിരുന്നു.
എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഒക്ടോബര്‍ 16 നാണ് മുന്മന്ത്രിയ്ക്കെതിരേ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയത്.
മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാല്‍ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടണമെന്ന് നിയമവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്.
മെസിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോണ്‍സറായ റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തികലാഭം നേടിക്കൊടുക്കാന്‍ അബ്ദുറഹിമാന് ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തല്‍.
















