
വടകര: രാത്രിയുടെ മറവില്‍ കനാലില്‍ മാലിന്യം തള്ളുന്നത് കണ്ട് ഓടിയെത്തിയ യുവാവിനെ ഓട്ടോയിടിച്ച് പരിക്കേല്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ചോറോട്
പഞ്ചായത്തിലെ മാങ്ങോട്ട്പാറക്കടുത്താണ് സംഭവം. കുട്ടൂലിപ്പാലം കനാലില്‍ മാലിന്യം തള്ളുന്നത് കണ്ടാണ് സമീപവാസിയായ ഫസല്‍ (25) ഓടിയെത്തിയത്. അപ്പോഴേക്കും ഓട്ടോ ഡ്രൈവര്‍ വാഹനവുമായി സ്ഥലം വിട്ടിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മാലിന്യക്കെട്ട് കനാലിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു വാഹനത്തിന്റെ പോക്ക്. ഫസല്‍ കുറച്ച് നേരം റോഡില്‍ നിന്നപ്പോള്‍ ഓട്ടോറിക്ഷ തിരിച്ചുവരുന്നതാണ് കണ്ടത്. കൈകാണിച്ചപ്പോള്‍ ഫസലിനെ തട്ടിത്തെറിപ്പിച്ച് കുതിക്കുകയായിരുന്നു ഓട്ടോ. വീഴ്ചയില്‍ ഫസലിന് പരിക്കേറ്റു. മാലിന്യം തള്ളുന്നതും ഫസലിനെ ഓട്ടോ ഇടിച്ചിട്ട് പോകുന്നതും സിസിടിവിയില്‍
പതിഞ്ഞിട്ടുണ്ട്. മാങ്ങോട്ടുപാറ ഭാഗത്തേക്കാണ് ഓട്ടോ പോയത്. സംഭവം ശ്രദ്ധയില്‍പെട്ട ചോറോട് പഞ്ചായത്ത് അധികൃതരടക്കം ഫസലില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഫസല്‍ വടകര പോലീസില്‍ പരാതി നല്കി.















