
വടകര: ലിങ്ക് റോഡില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ സര്‍വീസ് ഡിസംബര്‍ ഒന്നു മുതല്‍ പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
ഏതാനും മാസം മുമ്പ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നാറ്റ് പാക്കിനെ ചുമതലപ്പെടുത്തിയിരുന്നു. നാറ്റ് പാക്ക് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നാണ് ലിങ്ക് റോഡില്‍ നിന്നു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പഴയ സ്റ്റാന്‍ഡില്‍ സമയക്രമം പാലിക്കാന്‍ അധിക സമയം നിര്‍ത്തിയിടുന്ന ബസുകളുടെ പാര്‍ക്കിങ്ങ്
ചന്തപ്പറമ്പ് ഭാഗത്തേക്ക് മാറ്റും. നാറ്റ് പാക്ക് റിപ്പോര്‍ട്ടില്‍ ഈ ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. ചന്തപ്പറമ്പിലേക്ക് പോകുന്ന ഭാഗത്തെ റോഡിലെ അനധികൃത കച്ചവടവും പാര്‍ക്കിങ്ങും മാറ്റും. ഗതാഗത പരിഷ്കരണത്തിന്റ ഭാഗമായി പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്ന തിരുവള്ളൂര്‍ റോഡില്‍ നിന്നു ജില്ലാ ആശുപത്രിയിലേക്കുള്ള റോഡും മാര്‍ക്കറ്റ് റോഡ്-ബിഎസ്എന്‍എല്‍
റോഡും വണ്‍വേയാക്കി മാറ്റും. രണ്ട് റോഡ് ജങ്ഷനുകളിലും ഉണ്ടാവുന്ന രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാനാണ് വണ്‍വേ ആക്കി മാറ്റുന്നത്. ഇതോടൊപ്പം നഗരത്തിലെ ചെറു റോഡുകള്‍ അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
വടകരയിലെ ട്രാഫിക് പരിഷ്കരണത്തിന്റ ഭാഗമായി ലിങ്ക് റോഡില്‍ നിന്നു സ്വകാര്യ ബസുകള്‍ പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റിയതിനെതിരെ സ്വകാര്യ ബസുകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി കെ ശശി, സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ വി കെ വിനു, ഡിവൈഎസ്പി സുഭാഷ് ബാബു, തഹസില്‍ദാര്‍, ട്രാഫിക് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















