
പതിയാരക്കര: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസന പദ്ധതി നിലവിലുള്ള 11 (1) വിജ്ഞാപന പ്രകാരം സ്ഥലം ഏറ്റെടുത്തുകൊണ്ട് 10 മീറ്റര്‍ വീതിയില്‍ നിര്‍മാണം ഉടനടി
പൂര്‍ത്തീകരിക്കണമെന്ന് പതിയാരക്കരയില്‍ നടന്ന ബഹുജന കണ്വന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍, കുറ്റ്യാടി നിയോജകമണ്ഡലം എംഎല്‍എ പാറക്കല്‍ അബ്ദുളള, ബന്ധപ്പെട്ട അധികൃതര്‍ എന്നിവരോടാണ് പ്രമേയത്തിലൂടെ കണ്‍വെന്‍ഷന്റെ അഭ്യര്‍ഥന
റോഡിന് മുന്‍കാലങ്ങളില്‍ സൗജന്യമായി ഭൂമി നല്കിയവരെയും ഇപ്പോഴും അംഗീകരിക്കപ്പെട്ട ഡിപിആറിന് അനുസരിച്ച് ഭൂമി നല്കാന് തയ്യാറായി നില്‍ക്കുന്നവരെയും ‘വികസനവിരുദ്ധര്‍’, ‘പ്രമാണികള്‍’ എന്നിങ്ങനെ അധിക്ഷേപിക്കുന്ന
നിക്ഷിപ്ത താല്പര്യക്കാരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പദ്ധതി ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ അത് കിഫ്ബി ഫണ്ട് നഷ്ടപ്പെടുന്നതിനിടയാക്കുമെന്നും ഇത് റോഡ് വികസനം എന്ന മണിയൂരുകാരുടെ ദീര്‍ഘകാല സ്വപ്നം തകര്ക്കുന്നതായിരിക്കുമെന്നും യോഗം വിലയിരുത്തി.
മുഹമ്മദ് കറ്റോടി അധ്യക്ഷത വഹിച്ചു. എം. സുരേഷ് ബാബു, എം. മധുസൂദനന്, എ.വി. ബാബു, പി.എം.അബൂബക്കര്‍, കെ ഗോപാലന്, പറമ്പത്ത് കുഞ്ഞബ്ദുള്ള, വി കെ റയീസ് എന്നിവര്‍ സംസാരിച്ചു. വിദ്യാധരന് മേക്കോത്ത് സ്വാഗതം പറഞ്ഞു.
















