
വടകര: തോടന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് നാളെ (ബുധന്‍) തുടക്കം. ആദ്യദിനം 15 ഇടങ്ങളിലായി സ്റ്റേജിതര മത്സരങ്ങളും 10 വേദികളിലായി സ്റ്റേജ് മത്സരങ്ങളും നടക്കും.
ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലാമേള വൈകിട്ട് അഞ്ചുമണിക്ക് വടകര എംഎല്‍എ കെ.കെ. രമ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ആസ്യ അധ്യക്ഷത വഹിക്കും.
തോടന്നൂര്‍ ഉപജില്ലയിലെ 68 പ്രൈമറി സ്കൂള്‍, 6 ഹൈസ്കൂള്‍, 5 ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ 5400 പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഇത്തവണ എല്‍പി വിഭാഗത്തില്‍ പഞ്ചായത്ത് തല മത്സരം നടത്താതെ വിദ്യാര്‍ത്ഥികള്‍ നേരിട്ട് ഉപജില്ല മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. പതിമൂന്നാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് നാലിന് എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന
സമ്മേളനം വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
12 മുതല്‍ 14 വരെയുള്ള തിയ്യതികളില്‍ 11 വേദികളിലായി സ്റ്റേജ് മത്സരങ്ങള്‍ നടക്കും. ജില്ലാ തല മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങളായ കുത്ബ് മിനാര്‍, താജ് മഹല്‍, ജന്തര്‍ മന്തര്‍, ചെങ്കോട്ട തുടങ്ങിയ പേരുകളിലാണ് വിവിധ വേദികള്‍ ഒരുക്കിയത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്സരാര്‍ഥികളുടെ എണ്ണവും പ്രേക്ഷകരുടെ വര്‍ധനവും കണക്കിലെടുത്ത് കൂടുതല്‍ വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിനം 2500
പേര്‍ക്കുള്ള ഭക്ഷണ സൗകര്യവും ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ മുഴുവന്‍ സ്കൂളുകള്‍ക്കും മത്സരാര്‍ഥികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷയും അച്ചടക്കവും മുന്‍നിര്‍ത്തി ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി വിപുലമായ വളണ്ടിയര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി. മുന്ന, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.ജമാലുദ്ദീന്‍,
മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സി. എച്ച് മൊയ്തു, കണ്‍വീനര്‍ എം. കെ. മുഹമ്മദ്
അലി, പി.ടി.എ പ്രസിഡന്റ് മുനീര്‍, ബി.വി.അബ്ദു റസാഖ് എന്നിവര്‍ പങ്കെടുത്തു.
സമാപന സമ്മേളനം ഒരു ദിവസം നേരത്തെ
വടകര: ആയഞ്ചേരിയില്‍ നാളെ ആരംഭിക്കുന്ന തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഒരു ദിവസം നേരത്തെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശിഷ്ടാതിഥികളായ ജനപ്രതിനിധികളുടെ സൗകര്യം കണക്കിലെടുത്താണ് സമാപന ചടങ്ങ് നേരത്തേയാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഓവറോള്‍ ചാമ്പ്യന്മാര് ആരെന്ന് ഒരു ദിവസം നേരത്തെ അറിയില്ലല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സംസ്കൃതോത്സവം കഴിയുമെന്നും അതിന്റെ ട്രോഫി കൈമാറുമെന്നും സംഘാടകര്‍ പറഞ്ഞു. പതിനാലാം തിയ്യതി ശനിയാഴ്ച വൈകുന്നേരം വരെ നീളുന്ന കലോത്സവത്തില്‍ ധാരാളം ഇനങ്ങള്‍ ബാക്കിയിരിക്കെയാവും വിശിഷ്ടാതിഥികള്‍ക്ക് വേണ്ടി സമാപന സമ്മേളനം ഒരു ദിവസം നേരത്തേ നടത്തുന്നത്.
















