
വടകര: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ച വടകര ഉപജില്ലാ കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉറപ്പാക്കുന്നതിനായി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തി. കോട്ടക്കല്‍ സ്കൂള്‍ പരിസരം, ബീച്ച് റോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ നിര്‍മാണ-വില്‍പ്പന ശാലകളില്‍ പരിശോധന നടത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന മത്സരാര്‍ഥികള്‍ക്കായി തിളപ്പിച്ചാറിയ കുടിവെള്ളവും ശുചിത്വമുള്ള ഭക്ഷണവും വിതരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സംഘാടക സമിതി നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
കോട്പ നിയമപ്രകാരം സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും
ഉപയോഗവും പൂര്‍ണമായി തടയുന്നതിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.വി. നൂര്ജഹാന്, പി.കെ. സാദത്ത്, കെ.ടി. നസ്രിന്, പി.എം. ആതിര എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഷിഗല്ല അടക്കമുള്ള രോഗപ്പകര്‍ച്ച തടയുന്നതിന് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ: കെ. എന്‍. ജീജ അറിയിച്ചു.
















