
കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പയ്യന്നൂർ സ്വദേശി വി.രാമചന്ദ്രൻ
(87) ആണ് മരിച്ചത്. നടക്കാൻ ഇറങ്ങിയപ്പോൾ കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാമചന്ദ്രൻ കണ്ണൂർ ജില്ലാ ബാങ്ക് റിട്ടയേർഡ് സീനിയർ മാനേജറായിരുന്നു. വെള്ളൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനായിരുന്നു. കെഎസ്‍വൈഎഫ് രുപീകരണ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, സിപിഎം വെള്ളൂർ ലോക്കൽ കമ്മിറ്റി അംഗം,
ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ മിലിട്ടറിയിൽ ജോലി ലഭിച്ചിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായതിനാൽ പൊലീസ് വെരിഫിക്കേഷനിൽ പിരിച്ചുവിടപ്പെട്ടു. പിന്നീട് പയ്യന്നൂർ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജീവനക്കാരനായി. ഭാര്യ: പി.ടി ജാനകി. മക്കൾ: പ്രൊഫ: പി.ടി ജയചന്ദ്രൻ (യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൂൺസ്‌വിക് കാനഡ), ശ്രീലത പി.ടി (റിട്ട. അധ്യാപിക മുത്തത്തി എസ് വി. യു പി സ്കൂൾ), അഡ്വ: പി.ടി സുധീർ കുമാർ(പയ്യന്നൂർ).
















