വടകര: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വടകര മേഖലാ തല സ്കില്‍ ഫെസ്റ്റിവല്‍ നാളെയും (വെള്ളി)
മറ്റന്നാളുമായി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടകര മേഖലയിലെ 40 ഓളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നായി നാനൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 19 ഇനങ്ങളില്‍ തൊഴില്‍ നൈപുണ്യങ്ങളുടെ തത്സമയ മത്സരങ്ങള്‍ നടക്കും. വെള്ളിയാഴ്ച പൂര്‍ണമായും മത്സരങ്ങളും ശനിയാഴ്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. ടൗണ്‍ഹാളില്‍ ഇതിനായി 40 സ്റ്റാളുകളാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയുടെ മുഖ്യ ആകര്‍ഷകമായിരിക്കും. സ്കില്‍ ഫെസ്റ്റിവലുമായി ചേര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ആന്റ്
കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന കരിയര്‍ പാനല്‍ ചര്‍ച്ച, കരിയര്‍ കൗണ്‍സിലിംഗ്, സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തേടെ നടത്തുന്ന കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, വിവിധ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കുന്ന കരിയര്‍ സ്റ്റാള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റാള്‍, വിനോദത്തിനായി ഗെയിമിംഗ് തുടങ്ങിയവ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസി. ഡയരക്ടര്‍ കെ.റസീന, സ്കില്‍ ഫെസ്റ്റിവല്‍ സെക്രട്ടറിമാരായ സഞ്ജീവ് കുമാര്‍, പി.വി.മുഹമ്മദ് ഷനൂദ്, എന്‍.പി.ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.















