വടകര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിന് വടകരയില്‍ ആവേശത്തുടക്കം. ആദ്യ ദിവസമായ ഇന്ന് സാമൂഹിക ശാസ്ത്രമേളയുടെ ഭാഗമായി
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രസംഗം, ചരിത്ര സെമിനാര്‍, പ്രാദേശിക ചരിത്ര രചന, അറ്റ്ലസ് മേക്കിങ് എന്നീ ഇനങ്ങളില്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളില്‍ മത്സരം നടന്നു. യുദ്ധത്തിന്റെ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും എന്നതായിരുന്നു ഹയര്‍സെക്കന്ററി വിഭാഗം പ്രസംഗ വിഷയം. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നുള്ള ആറായിരത്തിലധികം മത്സരാര്‍ഥികളാണ് മൂന്ന് ദിവസത്തെ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചത്തെ മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന് ഇന്ന് പൂര്‍ത്തിയായി. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേള എംയുഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സാമൂഹിക ശാസ്ത്രമേള ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഐടി മേള ബിഎംഎച്ച്എസ് എസിലും ഗണിത മേള ജെഎന്എംഎച്ച്എസ് എസിലും പ്രവൃത്തിപരിചയമേള സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്സിലും നടക്കും. ഇതോടൊപ്പം വൊക്കേഷണല്‍ സ്കില്‍ ഫെസ്റ്റിന് ടൗണ്‍ ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ കാലത്ത് 9.30ന് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ നിര്‍വഹിക്കും. ചടങ്ങില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.















