കോഴിക്കോട്: വയറിളക്ക രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗം. ശരീര ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി
പാലിക്കുന്നതിലൂടെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്നവയാണ് ഇത്തരം രോഗങ്ങള്‍. അതിനാല്‍ ഭക്ഷണം പാചകം ചെയ്യുന്നവരും പൊതുജനങ്ങളും ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുടിവെള്ളവും ആഹാരസാധനങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗപ്പകര്‍ച്ച പൂര്‍ണമായും തടയാന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി നന്നായി തിളപ്പിച്ച് തണുപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. യാതൊരു കാരണവശാലും തിളച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കാന്‍ പാടില്ല. ആഹാരം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനുമുള്ള പാത്രങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ മാത്രം കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. വിപണിയില്‍ നിന്നു വാങ്ങുന്ന
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം പാചകത്തിനായി ഉപയോഗിക്കുക.
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും പരിസരത്തും ഈച്ച ശല്യം പൂര്‍ണമായും ഒഴിവാക്കുകയും ആഹാരസാധനങ്ങള്‍ എപ്പോഴും സുരക്ഷിതമായി മൂടിവെക്കുകയും വേണം. കുടിവെള്ള സ്രോതസ്സുകളായ കിണറുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യാനും വെള്ളം ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കാനും ജാഗ്രത പുലര്‍ത്തണം. ആഹാരം കഴിക്കുന്നതിന് മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക. കൃത്യമായ മുന്‍കരുതലുകളിലൂടെ ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.















