കൊയിലാണ്ടി: മണിയൂര്‍ പോക്സോ കേസ് പ്രതി വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുല്‍ റഫീഖിനെ (48) കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കൊയിലാണ്ടി
പോക്സോ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍.രാജേഷ് കുമാര്‍ നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയതെങ്കിലും കോടതി രണ്ട് ദിവസത്തേക്കാണ് അനുവദിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തിരികെ കോടതിയില്‍ ഹാജരാക്കണം. പ്രതി ഉപയോഗിച്ചിരുന്ന കാറുകള്‍ അടക്കം കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന് നാളെ മണിയൂര്‍ മങ്കര അടക്കമുള്ള സ്ഥലങ്ങളില്‍ പ്രതിയുമായി എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി പോക്സോ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം റദ്ദാക്കിയ
ഉത്തരവില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആസഫ് അലി നേരിട്ട് ഹാജരായി മൂന്ന് ദിവസത്തോളം നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി പ്രതിയുടെ ഹര്‍ജി തള്ളിയത്. ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പോലീസ് ചെങ്ങോട്ടുകാവില്‍ വെച്ച് വാഹനത്തില്‍ സഞ്ചരിക്കവെയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വടകര ക്രൈംബ്രാഞ്ച് ഓഫീസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം റിമാന്റിലായ പ്രതിയെയാണ് ഇപ്പോള്‍ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.















