കോഴിക്കോട്: ഫുട്ബോള്‍ എഴുത്തുകാരനും കായിക മാധ്യമപ്രവര്‍ത്തകനും കമന്റേറ്ററുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയായ
ലൗഡെയിനില് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു. എട്ടു ലോകകപ്പുകളും ഒരു യൂറോകപ്പും നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1982ല്‍ സ്പെയിനില്‍ നടന്ന ലോകകപ്പിലൂടെയായിരുന്നു ലോകകപ്പ് റിപ്പോര്‍ട്ടിംഗിന് തുടക്കം. 1986ല്‍ മെക്സിക്കോ, 1990ല്‍ ഇറ്റലി, 1998ല്‍ ഫ്രാന്‍സ്, 2002ല്‍ കൊറിയ-ജപ്പാന്, 2006ല്‍ ജര്‍മനി, 2010ല്‍ ദക്ഷിണാഫ്രിക്ക, 2014ല്‍ ബ്രസീല്‍ ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2008ലെ
യൂറോപ്യന്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെ, ഡീഗോ മറഡോണ തുടങ്ങിയവരെ നേരില്‍ കാണാനും അഭിമുഖം നടത്താനും അവരുടെ വിശേഷങ്ങള്‍ വായനക്കാരിലെത്തിക്കാനും അവസരം ലഭിച്ചു.
1941 മേയ് 10ന് മലാപ്പറമ്പില്‍ ചന്തുക്കുട്ടി-ചിരുതക്കുട്ടി ദമ്പതികളുടെ മകനായാണ് ജനനം. എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. പിഡബ്ല്യുഡിയില്‍നിന്ന് വിരമിച്ച ശേഷവും കായിക, സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. സന്തോഷ് ട്രോഫി, നെഹ്രു കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റ്, നാഗ്ജി ട്രോഫി തുടങ്ങിയ മത്സരങ്ങളിലൂടെ ശ്രദ്ധേയനായ ഫുട്ബോള്‍ കമന്റേറ്ററായും
അദ്ദേഹം തിളങ്ങി. ഘനഗംഭീരമായ ശബ്ദത്തിലൂടെ കാണികളെ കളിയുടെ ആവേശത്തിലെത്തിച്ച അദ്ദേഹം ആകാശവാണിക്കുവേണ്ടിയും ഫുട്ബോള്‍ കമന്ററി അവതരിപ്പിച്ചു. നോവലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ‘നീലത്തടാകം’, ‘അമ്പിളിച്ചോല’, ‘മനസ്സുകള്‍ സാഗരങ്ങള്‍’, ‘വൃന്ദ’, ‘സുഷമയുടെ ഒളിമ്പിക് പര്‍വം’ എന്നിവയാണ് പ്രധാന നോവലുകള്‍. ‘ഗോള്‍ഡന്‍ ഗോള്‍’, ‘ലോകകപ്പ് ഫുട്ബോള്‍ ഒരു ചരിത്ര അവലോകനം’ എന്നിവയുള്‍പ്പെടെ ഫുട്ബോളിനെക്കുറിച്ചും പുസ്തകങ്ങള്‍ രചിച്ചു.
‘കോഴിക്കോടിന്റെ കായിക പൈതൃകം’ എന്ന പുസ്തകവും ശ്രദ്ധേയമാണ്.
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള യുഎസ്എ ആസ്ഥാനമായുള്ള സായി മാം ഫൗണ്ടേഷന് പുരസ്കാരം, തിരുവനന്തപുരം സ്പോര്‍ട്സ് ലവേഴ്സ് അസോസിയേഷന്റെ ബെസ്റ്റ് വേള്‍ഡ് കപ്പ് റിപ്പോര്‍ട്ടര്‍ പുരസ്കാരം, ദക്ഷിണകൊറിയയിലെ സോളില്നിന്നുള്ള മികച്ച വിദേശ മാധ്യമപ്രവര്‍ത്തകനുള്ള ബാബ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാര്‍വതി (റിട്ട. പിഡബ്ല്യുഡി എന്‍ജിനീയര്‍). മക്കള്‍: സുധീപ്, പ്രസീത്. മരുമക്കള്‍: നിമ്മി, റിങ്കു.
















