കൊയിലാണ്ടി: കര്‍മധന്യത കൊണ്ട് ഒരു പുരുഷായുസ്സ് മുഴുവന്‍ സേവന വഴിയില്‍
സമര്‍പ്പിച്ച സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നാട് കണ്ണീരോടെ വിടചൊല്ലി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി
തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകായിരങ്ങളാണ് ഒഴുകിയെത്തിയത്. കൊയിലാണ്ടി മുബാറക്ക് റോഡിലെ വസതിയില്‍ എത്തിയ വന്‍ജനാവലിയെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ഏറെ പ്രയാസപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ മയ്യിത്ത് വീട്ടില്‍ നിന്നു കൊയിലാണ്ടി ഖാദിരിയ്യ മസ്ജിദ് പരിസരത്ത് സജ്ജമാക്കിയ ഗ്രൗണ്ടില്‍ എത്തിച്ചു. മയ്യിത്ത് നിസ്കാരത്തിന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കി.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രധാന കര്‍മ കേന്ദ്രമായ കൊയിലാണ്ടി ഖല്ഫാന് ഇസ്ലാമിക്ക് സെന്റര്‍ ക്യാമ്പസില്‍ പ്രത്യേകമായി ഒരുക്കിയ ഖബറിലാണ് മയ്യിത്ത് അടക്കം ചെയ്തത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളായ ഇ സുലൈമാന്‍ മുസ്ല്യാര്‍, സയ്യിദ്
ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സി.മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്ല്യാര്‍, പേരോട് അബ്ദുറഹിമാന് സഖാഫി, വി.പി.എം.ഫൈസി വില്യാപ്പള്ളി, ഡോ. എ.പി.അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. കൃഷി മന്ത്രി ടി.സിദ്ദീഖ് കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദര്‍, ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.പ്രവീണ്‍ കുമാര്‍, പി.എ.മുഹമ്മദ് റിയാസ്, നഗരസഭ ചെയര്മാന് യു.കെ.ചന്ദ്രന്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുക്കം ഉമര്‍ ഫൈസി തുടങ്ങിയവര്‍ വസതിയില്‍ എത്തി അനുശോചനമറിയിച്ചു.
-സുധീര്‍ കൊരയങ്ങാട്















