
വടകര: അടിയന്തര ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ‘ലൈഫ് ലൈന്‍’ പരിശീലന പദ്ധതിക്ക് വടകര പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
തുടക്കമായി. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ എയ്ഞ്ചല്‍സ് വടകരയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന പദ്ധതി കെ.കെ. രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അടിയന്തര ഘട്ടങ്ങളില്‍ ശരിയായ പ്രാഥമിക ശുശ്രൂഷ നല്‍കുന്നത് ഒരാളുടെ ജീവന് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് എംഎല്‍എ ഓര്‍മിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എം. ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുനിത രാജീവന് മുഖ്യാതിഥിയായി. പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും
എയ്ഞ്ചല്‍സ് വടകര എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി. രാജന് വിശദീകരിച്ചു. ഹെഡ്മാസ്റ്റര് എം. മുസ്തഫ, എം.പി.ടി.എ. പ്രസിഡന്റ് സുനീറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
രണ്ടു ദിവസത്തെ പരിപാടിയില്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര ജീവന്‍രക്ഷാ മാര്‍ഗങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. എയ്ഞ്ചല്‍സ് വടകരയുടെ ബിഎല്‍എസ് പരിശീലകരായ എ.സഹദേവന്, പി.പി.സത്യനാരായണന്, കെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ചടങ്ങിന് പ്രിന്‍സിപ്പള്‍ കെ.വി.ബിന്ദു സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.വി.സുജ നന്ദിയും പറഞ്ഞു.
















